മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര് അപകട കേസില് പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവ് പുറത്ത്. മദ്യപിച്ച് വാഹനമോടിച്ചു എന്ന് രക്തപരിശോധനയില് തെളിഞ്ഞെന്നും, ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും ഉണ്ടെന്ന് കോടതി ഉത്തരവില് പറയുന്നു.
സുഹൈല് മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും മറ്റ് മൂന്ന് പ്രതികള് വേഗത്തില് വാഹനമോടിക്കാന് പ്രോത്സാഹിപ്പിച്ചുവെന്നും ഉത്തരവില് പറയുന്നു. പുറത്തിറങ്ങിയാല് സാക്ഷികളെ സ്വാധീനിക്കും, തെളിവ് നശിപ്പിക്കും, ഒളിവില് പോകും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഡിജിറ്റല് തെളിവുകള് ശേഖരിക്കാന് ഉണ്ട്. ഇതിനാല് ജാമ്യം നിഷേധിക്കുന്നുവെന്നും ഉത്തരവില് പറയുന്നു.
ഇന്നലെ നാലുമണിക്കൂര് നീണ്ട ശക്തമായ വാദപ്രതിവാദത്തിനോടുവിലാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്. മുഖ്യപ്രതി സുഹൈല്, സുഹൃത്തുക്കളായ നിനവ്, ജോയല്, അമീന് എന്നിവരുടെ ജാമ്യപേപേക്ഷയിലായിരുന്നു വിധി. സുഹൈലിനെതിരെ ചുമത്തിയ കുറ്റകരമായ നരഹത്യ നിലനില്ക്കില്ലെന്നും പ്രതികള്ക്കെതിരെ ഗൂഢാലോചന നടന്നുവെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ശാസ്ത്രീയ തെളിവുകള് അടക്കം നിരത്തി പൊലീസ് സുഹൈലിന്റെ ജാമ്യ അപേക്ഷയെ എതിര്ത്തത് ഫലം കണ്ടു. പ്രതികള്ക്ക് പ്രായ കുറവായതിനാല് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഇത് പരിഗണിച്ചില്ല.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സുഹൈലിന്റെ മാതാപിതാക്കളുടെ മൊഴിയും ഉടന് രേഖപ്പെടുത്തും. അപകടത്തിന് മുന്പ് മാതാപിതാക്കളുമായും മറ്റുചിലരുമായും സുഹൈല് മൊബൈലില് സംസാരിച്ചിരുന്നു. ഇക്കാര്യങ്ങള് പൊലീസ് ചോദിച്ചറിയും. വാഹനം വാങ്ങി നല്കിയതിന്റെ വിശദാംശങ്ങള് മാതാപിതാക്കളോട് ചോദിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അപകടം നടന്ന എയര്പോര്ട്ട് റോഡില് പൊലീസും സിയാലും എംവിഡിയും പരിശോധന നടത്തി. റോഡിലെ വേഗത നിജപ്പെടുത്താന് തീരുമാനം എടുത്തിട്ടുണ്ട്.
Story Highlights : Court order denying bail to the accused in the Nedumbassery accident case















