ദേശീയ പാതകളിലെ മൊത്തം റോഡപകട മരണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ് ആണ്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് . 2020-ൽ 3,66,138 റോഡ് അപകടങ്ങളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തത്. അതിൽ 1,16,496 അപകടങ്ങളും ദേശീയ പാതയിലായിരുന്നു. 47,984 ആളുകൾ കൊല്ലപ്പെടുകയും 1,09,898 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.2020-ൽ യുപിയിലെ ഹൈവേകളിൽ നടന്ന 13,695 വാഹനാപകടങ്ങളിൽ 7,859 പേരാണ് കൊല്ലപ്പെട്ടത്.
ഹൈവേകളിലെ കൂടുതൽ അപകടങ്ങൾക്കും കാരണം റോഡുകളിലെ വാഹനങ്ങളുടെ ഉയർന്ന വേഗതയും ഉയർന്ന ട്രാഫിക്കും ആണ്.ഇന്ത്യയിലെ ദേശീയ പാതകളിലെ റോഡപകട മരണങ്ങളിൽ 16.4% ഉം യുപിയിൽ ആണ്. യുപിക്ക് തൊട്ടുപിന്നിലായി മഹാരാഷ്ട്രയും (7.4%), കർണാടകയും (6.9%) ഉണ്ട്. ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തമിഴ്‌നാടാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.അപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2020ൽ യുപി റിപ്പോർട്ട് ചെയ്ത 19,149 റോഡപകട മരണങ്ങളിൽ 13,684 എണ്ണം ദേശീയ, സംസ്ഥാന പാതകളിൽ സംഭവിച്ചതാണ്.
മോശം റോഡ് എഞ്ചിനീയറിംഗും ട്രാഫിക് നിയമങ്ങളുടെ വലിയ തോതിലുള്ള ലംഘനവുമാണ് റോഡ് അപകട മരണങ്ങളിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്താനുള്ള രണ്ട് പ്രധാന കാരണങ്ങളെന്ന് സേവ് ലൈഫ് ഫൗണ്ടേഷന്റെ സ്ഥാപകനും സിഇഒയുമായ പിയൂഷ് തിവാരി പറഞ്ഞു.
















