കഞ്ചാവിനെ നിയമരപമായി അംഗീകരിച്ച് തായ്ലാന്‍ഡ്. കഞ്ചാവിനെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാവുകയാണ് ഇതോടെ തായ്ലാന്‍ഡ്. ഇനി മുതല്‍ കഞ്ചാവ് വളര്‍ത്തുന്നതിനോ വീടുകളില്‍ ഉപയോഗിക്കുന്നതിനോ ഒന്നും തായ്ലാന്‍ഡില്‍ വിലക്കുണ്ടാകില്ല.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കെന്ന രീതിയിലാണ് നിലവില്‍ കഞ്ചാവിന് നിമയപരമായ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പൊതുവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ നിയന്ത്രണങ്ങള്‍ തുടരും. നിയമത്തില്‍ മാറ്റം വരുത്തിയതിനെ തൊട്ടുപിന്നാലെ പലയിടങ്ങളിലായി പത്ത് ലക്ഷത്തോളം മരിജുവാന തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും ആരോഗ്യമന്ത്രാലയം മുന്‍കയ്യെടുത്തു.
ഉറുഗ്വായ്, കാനഡ എന്നീ രാജ്യങ്ങളില്‍ വിനോദത്തിന് തന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ നിയമപരമായ അനുമതിയുണ്ട്. പരസ്യമായിത്തന്നെ വിനോദത്തിന് വേണ്ടി കഞ്ചാവ് ഉപയോഗിക്കാന്‍ നിയമപരമായ അംഗീകാരമുള്ള രണ്ട് രാജ്യങ്ങളും ഇവ തന്നെയാണ്.
എന്നാല്‍, തായ്ലാന്‍ഡില്‍ പക്ഷേ അത്തരത്തില്‍ അല്ല അനുമതി നല്‍കപ്പെട്ടിരിക്കുന്നത്. പൊതുവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ മൂന്ന് മാസം വരെ തടവിലിടാനും പിഴയടക്കാനുമെല്ലാം ഇപ്പോഴും വകുപ്പുണ്ട്. ‘ടെട്രാഹൈഡ്രോ കന്നബിനോള്‍’ ( ടിഎച്ച്സി) 0.2 ശതമാനത്തിന് മുകളില്‍ അടങ്ങിയിരിക്കുന്ന കഞ്ചാവ് ഓയില്‍ തുടര്‍ന്നും നിയമവിരുദ്ധമായി തന്നെ കണക്കാക്കപ്പെടും.
















