കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഷാജ് കിരണും തന്റെ പേര് പരാമര്‍ശിക്കുന്നതില്‍ പ്രതികരണവുമായി റിപ്പോര്‍ട്ടര്‍ ടി.വി ചീഫ് എഡിറ്റര്‍ എം.വി. നികേഷ് കുമാര്‍. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ തന്റെ പേരുപറഞ്ഞത് കുടുക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
“ആരായാലും എന്റെ പേര് ദുരുപയോഗിച്ചാല്‍ വെറുതെ വിടില്ല. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്നയേയോ ഷാജിനെയോ അനുവദിക്കാന്‍ ആവില്ല. അത് എന്നെ മാത്രമല്ല എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ബാധിക്കും. അതിനാല്‍ അവസാനം വരെ പോകും.എന്നെ സംബന്ധിച്ചിടത്തോളം ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആളാണ്. വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല.”
ഒരു സ്വതന്ത്രടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് നികേഷ് ഇക്കാര്യം വ്യക്തമാക്കുന്നത്.
താന്‍ മധ്യസ്ഥനാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു കടലാസ് തുണ്ടെങ്കിലും ഹാജരാക്കാന്‍ സ്വപ്നയെയും അഭിഭാഷകനെയും വെല്ലുവിളിക്കുകയാണ്. അങ്ങനെ തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യാമെന്നും നികേഷ് കുമാര്‍ പറഞ്ഞു.
സ്വപ്ന സുരേഷിനെ ഒരിക്കലും ഞാന്‍ ഫോണില്‍ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ഒരു വാര്‍ത്താ സോഴ്സ് എന്ന നിലയില്‍ വിളിക്കുന്നതിലോ കാണുന്നതിലോ തെറ്റില്ല. പക്ഷെ, അങ്ങനെ ഉണ്ടായിട്ടില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.
















