പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്ക് എതിരെ ഉത്തരേന്ത്യയിലെ മുസ്ലീം പള്ളികളിൽ പ്രതിഷേധം.വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികളാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ഡൽഹിയിലും ജമ്മുവിലും ലക്നൗവിലും സഹറൻപൂരിലുമാണ് പ്രതിഷേധം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ദില്ലിയിലെ ജുമാ മസ്ദിജിൽ വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികൾ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ചു.പള്ളിയുടെ പടിക്കെട്ടുകളിലേക്ക് ഇറങ്ങി നിന്നാണ് വിശ്വാസികളുടെ പ്രതിഷേധം. ആരും തന്നെ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. ബിജെപി വക്താക്കളായ നുപൂർ ശർമയുടേയും നവീൻ ജിൻഡാലിൻ്റെ പ്രവാചക വിരുദ്ധ പ്രസ്താവനകൾക്കെതിരെയാണ് പ്രതിഷേധം.
വിവാദ പ്രസ്താവനയെ അറബ് രാഷ്ട്രങ്ങളെല്ലാം അപലപിച്ചിരുന്നു.സംഭവത്തിൽ പിന്നാലെ വിവാദം സൃഷ്ടിച്ച ഇരുനേതാക്കളേയും ബിജെപി പാർട്ടിയിൽ നിന്നും നീക്കിയിരുന്നു. മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രതികരിക്കരുതെന്ന് ബിജെപി വക്താക്കളോടും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
















