ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച (ജൂൺ 10, 2022) ഗുജറാത്തിലെത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ഗോത്രവർഗ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും നവസാരിയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ബഹിരാകാശ മേഖലയിൽ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി അഹമ്മദാബാദിലെ ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (ഇൻ-സ്‌പേസ്) ആസ്ഥാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2020 ജൂണിൽ കേന്ദ്ര കാബിനറ്റ് അംഗീകരിച്ച വിക്ഷേപണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നിർമ്മാണം ഉൾപ്പെടെയുള്ള ബഹിരാകാശ പ്രവർത്തനങ്ങൾ അനുവദിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ഒരു ഏകജാലക നോഡൽ ഏജൻസിയായിരിക്കും ഇത്.
പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രധാനമന്ത്രി മോദി ഇന്ന് ഗുജറാത്തിൽ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
















