തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമേയുള്ളുവെന്ന് ആവര്‍ത്തിച്ച് ഷാജ് കിരണ്‍. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ സ്വപ്‌ന വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു സ്വകാര്യ വാര്‍ത്ത ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഷാജ് കിരണ്‍ പറഞ്ഞു.
വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വാടകഗര്‍ഭം ധരിക്കാമെന്ന് സ്വപ്‌ന ഇങ്ങോട്ട് പറഞ്ഞതാണ്. പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വപ്‌ന അത് നിരസിച്ചു. പിന്നീട് വീട്ടില്‍ പോയപ്പോള്‍ തന്റെ മുന്നില്‍ സ്വപ്ന കുഴഞ്ഞുവീണു. അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഗര്‍ഭധാരണം പ്രശ്‌നമാണെന്ന് മനസിലായി. ഇക്കാര്യം സ്വപ്‌നയോട് തുറന്നു പറഞ്ഞുവെന്നും ഷാജ് കിരണ്‍ പറഞ്ഞു.
വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് താന്‍ അറിഞ്ഞത് സ്വപ്ന വഴിയാണ്. സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഞാന്‍ ചില മാധ്യമ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. അവര്‍ തന്നെ തിരികെ വിളിച്ച് വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോഴുള്ള തന്റെ സോഴ്‌സിലുള്ള ചില ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ലൈഫ് മിഷന്‍ കേസിലാണ് അറസ്റ്റ് എന്ന് അറിഞ്ഞു. ഇത് താന്‍ സ്വപ്നയെ വിളിച്ചു പറയുക മാത്രമാണ് ഉണ്ടായത്.
ഇന്നലെ രാത്രിയും സ്വപ്‌ന വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നുമാണ് തന്നോട് പറഞ്ഞത്. പരസ്പരം വളരേയേറെ വ്യക്തിബന്ധമുണ്ടായിട്ടും താന്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു.
എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കെണിയിലാണ് സ്വപ്‌ന. അവര്‍ പറഞ്ഞതനുസരിച്ചാണ് സ്വപ്‌ന പിസി ജോര്‍ജിനെ കണ്ടത്. എച്ച്ആര്‍ഡിഎസ് ഇന്ത്യ പറയുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് സ്വപ്‌ന തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കാണണമെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും ഭാര്യയുടെയും പേര് പറയണമെന്നും സ്വപ്‌നയോട് പറഞ്ഞത് അഭിഭാഷകനാണെന്നും ഷാജ് കിരണ്‍ ആരോപിച്ചു.
















