ജൂലൈ 24ന് രാംനാഥ് കോവിന്ദിൻ്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ സമയക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപ സമയത്തിനകം പ്രഖ്യാപിക്കും. മൂന്ന് മണിക്ക് ഇതിനായി മാധ്യമങ്ങളെ കാണുമെന്ന് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. രാംനാഥ് കോവിന്ദിന് ബിജെപി രണ്ടാമൂഴം കൊടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അതിനാൽ അടുത്ത രാഷ്ട്രപതിയാരെന്നതിൽ ചർച്ചകൾ കാര്യമായി നടക്കും. പ്രതിപക്ഷം ആരെ സ്ഥാനാർത്ഥിയായി നിർത്തും എന്നതിലും വ്യക്തത വരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന് സ്വന്തം സ്ഥാനാർത്ഥിയെ അനായാസം ജയിപ്പിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.
നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയുടെ 62-ാം അനുച്ഛേദത്തിൽ പറയുന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡൽഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
















