ഓൺലൈൻ ചൂതാട്ടത്തിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ ആത്മഹത്യ ചെയ്ത് യുവതി. ചെന്നൈയിലാണ് സംഭവം. ഭവാനി എന്ന സ്ത്രീയാണ് റമ്മി കളിയിലൂടെ രൂപ നഷ്ടമായി ആത്മഹത്യ ചെയ്തത്. ഇവർ നിരന്തരം ഓൺലൈനായി റമ്മി കളിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
20 പവന്റെ സ്വർണ്ണം വിറ്റ് കിട്ടിയ പണമുപയോഗിച്ചാണ് ഭവാനി റമ്മി കളിച്ചത്. ഇതിന് പുറമെ രണ്ട് സഹോദരിമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങുകയും ഇത് ഉപയോഗിച്ച് റമ്മി കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പണമെല്ലാം ഇവർക്ക് നഷ്ടമായി. .
20 പവനും മൂന്ന് ലക്ഷം രൂപയുമാണ് ഭവാനിക്ക് നഷ്ടമായതെന്നാണ് പൊലീസ് പറയുന്നത്. ആറ് വർഷം മുമ്പ് ഭാഗ്യാരാജ് എന്നയാളെ വിവാഹം ചെയ്ത ഭവാനിക്ക് രണ്ട് കുട്ടികളുമുണ്ട്. ഗണിത ബിരുദധാരിയായ ഭവാനി ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരിയാണ്.മരിക്കുന്നതിന് നാല് ദിവസം മുന്നെ തനിക്ക് നേരിട്ട് നഷ്ടം ഭവാനി തന്റെ സഹോദരിമാരിലൊരാളോട് പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















