ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയാൻ തയ്യാറല്ലെന്ന് കേന്ദ്ര സർക്കാർ. വിവാദത്തിൽ ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി.
ബിജെപി നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധം കൂടുതൽ രാജ്യങ്ങളിൽ നിന്നുണ്ടാകുമ്പോൾ അത് മറികടക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്. പ്രസ്താവന നടത്തിയവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചു. ഇക്കാര്യത്തിലുള്ള പാർട്ടിയുടെ വിശദീകരണവും നല്കി. ഈ സാഹചര്യത്തിൽ കേന്ദ്രം മാപ്പു പറയേണ്ട ഒരു സാഹചര്യവുമില്ല എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇത്തരം വിഷയങ്ങളിൽ മാപ്പു പറയുന്ന കീഴ്വഴക്കമില്ലെന്ന് നയതന്ത്ര വിദഗ്ധരുടെയും വിശദീകരണം.
















