സിനിമ ലോകത്തെ ഞെട്ടിച്ച അകാല വിയോഗമായിരുന്നു ഗായകൻ കെകെയുടേത് .ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കെകെയുടെ മരണം .ഇപ്പോഴിതാ കെകെ സിനിമയ്ക്കായി പാടിയ അവസാന ഗാനം പുറത്ത് വന്നിരിക്കുകയാണ്. ശ്രീജിത്ത് മുഖർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷെർദിൽ: ദ പിലിബിത്ത് സാഗ എന്ന ചിത്രത്തിനായാണ് കെകെ അവസാനമായി പാടിയത്.
ഗുൽസാർ ആണ് ധൂപ് പാനി ബഹ്നേ ദേ എന്ന ഗാനം രചിച്ചിരിക്കുന്നത്. ശന്തനു മൊയിത്ര ഈണം പകർന്നിരിക്കുന്നു. ഈ ഗാനത്തിന്റെ റെക്കോർഡിങ്ങിന് ശേഷം കെകെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും ഇപ്പോൾ ആരാധകരും വിഷമത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
”എന്റെ പഴയ സുഹൃത്തായ മൊയ്ത്ര ശന്തനുവിന് വേണ്ടി ഒരു ഗാനം ആലപിച്ചു. (ഡൽഹി ജീവിതത്തിൽ ഞങ്ങൾ ഒരുമിച്ചാണ് ഗാനങ്ങളൊരുക്കിയിരുന്നത്. ) ശ്രീജിത്ത് മുഖർജി എന്ന പുതിയ സുഹൃത്തിനുവേണ്ടി ഗുൽസാർ സാബ് എന്ന പഴയ മറ്റൊരു സുഹൃത്താണ് ഈ ഗാനം എഴുതിയിരിക്കുന്നത്. എന്നിലുള്ള വിശ്വാസത്തിന് വളരെ നന്ദി” എന്നാണ് കെകെ പോസ്റ്റ് ചെയ്തിരുന്നത്.
















