സർക്കാർ ജോലി കിട്ടിയ ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്. ബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിലെ കേതുഗ്രാമിൽ തിങ്കളാഴ്ചയാണ് സംഭവം. ആരോഗ്യ വിഭാഗത്തിലെ നഴ്സ് ആയാണ് ഭാര്യ രേണു ഖാത്തുന്‍ ജോലി കിട്ടിയത്. ജോലി കിട്ടിയതിൽ ഭാര്യരേണുവിനോടുള്ള അസൂയ മൂലമാണ് ഭർത്താവ് ഷേർ മുഹമ്മദ് കൈപ്പത്തി മുറിച്ചു മാറ്റിയത്. കൈപ്പത്തി വെട്ടിമാറ്റിയ ശേഷം ഇയാൾ ഭാര്യയെ അവരെ ആശുപത്രിയിൽ എത്തിച്ചിട്ട് മുങ്ങി.
രേണുവിനെ ഇയാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെട്ടിമാറ്റിയ കൈപ്പത്തി കൂടെ കൊണ്ടുപോകാത്തതിനാൽ ഡോക്ടർമാർക്ക് കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല . ഇതായിരുന്നു ഷേർ മുഹമ്മദിന്റെയും ലക്ഷ്യം. ഇയാളുടെ കുടുംബവും ഒളിവിൽപ്പോയി.
നഴ്സിങ് പഠിച്ചശേഷം സമീപ നഗരമായ ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിലായിരുന്നു രേണുവിനു അടുത്തിടെ സർക്കാരിൽ ജോലി ലഭിച്ചു. ഇതാവാം ഭർത്താവിനെ പ്രകോപിപ്പിച്ചത്. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേർ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ജോലിക്കു പോകാനായിരുന്നു രേണുവിന്റെ തീരുമാനം.ഷേർ മുഹമ്മദിന് ജോലിയില്ല. സർക്കാർ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാൾ ഭയന്നിരിക്കാം.