ന്യൂഡല്‍ഹി: വാരണാസി സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. പ്രധാന പ്രതി വാലിയുള്ള ഖാനാണ് ഗാസിയാബാദ് കോടതി വധശിക്ഷ വിധിച്ചത്. 2006-ല്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനിലുമാണ് 2006 മാര്‍ച്ച് ഏഴിന് സ്‌ഫോടന പരമ്പര നടന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ബംഗ്ലാദേശ് ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി എന്ന സംഘടനയാണ് സ്‌ഫോടനത്തിനു പിന്നില്‍ എന്ന് കണ്ടെത്തിയിരുന്നു.
മാർച്ച് 7 ന് രാവിലെ 6.15 നാണ് ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് 15 മിനിറ്റുകൾക്ക് ശേഷം റെയിൽവേ സ്റ്റേഷനിലും സ്ഫോടനം നടന്നു. അതേ ദിവസം, പൊലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസ്സിംഗിന് സമീപം കുക്കർ ബോംബും കണ്ടെത്തിയിരുന്നു.
മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി.സ്‌ഫോടനക്കേസ് അന്വേഷിച്ച പ്രത്യേക ടാസ്‌ക് ഫോഴ്സ്, വാലിയുള്ള ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നും കണ്ടെത്തുകയായിരുന്നു.
മറ്റ് അഞ്ച് ഭീകരരും ഇതിൽ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയിൽ കോടതിയിൽ മാദ്ധ്യമങ്ങളെ അനുവദിച്ചിരുന്നില്ല.
















