മംബൈ: സൽമാൻ ഖാന് വധഭീഷണി. അച്ഛൻ സലിം ഖാനാണ് ഭീഷണിക്കത്ത് ലഭിച്ചത്. മംബൈയിലെ താരത്തിന്റെ വസതിക്ക് പുറത്തുള്ള ബെഞ്ചിലാണ് കത്ത് കണ്ടെത്തിയത്.
സൽമാൻ ഖാന്‍റെ അച്ഛനും എഴുത്തുകാരനുമായ സലിം ഖാൻ പ്രഭാത സവാരിക്കിടെ സ്ഥിരമായി ഇരിക്കാറുള്ള ബെഞ്ചിലാണ് വധഭീഷണി കത്ത് കണ്ടെത്തിയത്. ‘സലിം ഖാൻ, സൽമാൻ ഖാന് മൂസെവാലയുടെ ഗതിവരും’ – ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.
എൽബി എന്നും ജിബിയെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ജിബി എന്നത് ഗോൾഡ് ബ്രാർ ആയിരിക്കാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. എൽബി എന്നത് നിലവിൽ സ്‌പെഷ്യൽ ബ്രാഞ്ച് കസ്റ്റഡിയിലുള്ള ലോറൻസ് ബിഷ്‌ണോയ് ആയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. നിലവിലെ വധഭീഷണിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര പൊലീസ് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സല്‍മാന്‍ ഖാനെ വകവരുത്താന്‍ ഷൂട്ടറെ അയച്ചിരുന്നുവെന്ന് ലോറന്‍സ് ബിഷ്‌ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പോലീസ് റെക്കോഡ് പറയുന്നു. ലോറന്‍സ് ബിഷ്‌ണോയിയെ 2021-ല്‍ മുംബൈ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തത് സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ബിഷ്‌ണോയി നടനെ വകവരുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്.
















