ഡൽഹി: ജമ്മുകാശ്മീരിൽ ഇപ്പോൾ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്ത്. കശ്മീരിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് നിർത്തി പ്രശ്നങ്ങൾ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വെല്ലുവിളിച്ചു. കശ്മീര്‍ പുനസംഘടനയെന്ന കേന്ദ്ര തീരുമാനം തെറ്റായി പോയെന്ന് കോണ്‍ഗ്രസും ശിവസേനയും രൂക്ഷമായി വിമര്‍ശിച്ചു.
കശ്മീർ പണ്ഡിറ്റുകളുടെ കൊലപാതകം രാജ്യം സഹിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി ഡൽഹി ജന്തർമന്തറില്‍ ആംആദ്മി പാർട്ടി സംഘടിപ്പിച്ച ജന്‍ ആക്രോശ റാലിയിലാണ് കെജ്രിവാൾ കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്. കശ്മീർ വിഷയത്തെ കൈകാര്യം ചെയ്യാന്‍ ബിജെപിക്കാവില്ല, കശ്മീരി പണ്ഡിറ്റുകൾ നാട് വിടുകയാണെന്നും ,ഇത് തൊണ്ണൂറുകളുടെ ആവർത്തനമാണെന്നും കെജ്രിവാൾ വ്യക്തമാക്കി.
















