ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജൂൺ മാസത്തിൽ ആദ്യ നാല് ദിവസത്തിൽ തന്നെ മഹാരാഷ്ട്രയിൽ മാത്രം മുൻ മാസത്തേക്കാൾ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂൺ മാസത്തിലെ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ മുംബൈ നഗരത്തിൽ 3,095 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് മാർച്ചിലെ മൊത്തം കേസുകളുടെ ഇരട്ടിയാണ്. 1,519 രോഗികളാണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ കേസുകളിൽ 60 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മുംബൈയിലാണ്. ജൂൺ മാസത്തിൽ 4,618 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ഡൽഹിയിലും കേസുകളുടെ എണ്ണത്തില്‍ വന്‍ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. പത്ത് ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഇരട്ടിയോളം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകൾ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 31 ശതമാനവും കേരളത്തിൽ നിന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ആശങ്ക അറിയിച്ചത്.
അടുത്ത നാലോ അഞ്ചോ ആഴ്ചകളിൽ കേസുകളുടെ എണ്ണം ഉയർന്നേക്കാം, പക്ഷേ, പിന്നീട് സ്ഥിരത കൈവരിക്കുകയും വീണ്ടും കുറയാൻ തുടങ്ങുകയും ചെയ്യാമമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
















