ആലപ്പുഴ: മാട്രിമോണി ആപ്പിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്കി തട്ടിപ്പുനടത്തിയയാള്‍ പിടിയില്‍. ആലപ്പുഴ അവലുക്കുന്ന് സ്വദേശി അസറുദീന്‍ (36) ആണ് പിടിയിലായത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്.
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്കി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിപ്പുനടത്തുന്നതാണ് പതിവ്. സ്വന്തമായി ഹെയര്‍ഓയില്‍ കമ്പനി നടത്തുകയാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നത്.
വീഡിയോ കോളില്‍ സംസാരിച്ച് കൂടുതൽ അടുക്കും. സൗഹൃദം നേടിയെടുത്തശേഷം വിവാഹവാഗ്ദാനം നൽകും. ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി കൃത്യമായി പണം തിരികെ നല്കി വിശ്വാസം നേടിയെടുക്കും. സ്വന്തം ഐ ഡി കാര്‍ഡിൻറെയും ആധാര്‍ കാര്‍ഡിൻറെയും ഫോട്ടോയടക്കം അയച്ചു കൊടുക്കും.
പരാതിക്കാരിയില്‍നിന്ന് പല തവണകളായി ഒന്‍പതു പവന് സ്വര്‍ണാഭരണങ്ങളും 85,000 രൂപയും ഇയാള്‍ കൈക്കലാക്കി. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി ഇയാൾ നാല് വിവാഹങ്ങള്‍ ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.