പ്രശസ്ത സ്പാനിഷ്-ബാഴ്‌സലോണ ഫുട്ബാൾ താരം ജെറാർഡ് പിക്വെയും കൊളംബിയൻ സൂപ്പർ ഗായിക ഷക്കീറയും വേർപിരിഞ്ഞു. ദാമ്പത്യ ജീവിതത്തിന് വിരാമമായതായി സംയുക്ത പ്രസ്താവനയിൽ ഇരുവരും അറിയിച്ചു. 12 വർഷത്തെ കൂട്ടിനൊടുവിലാണ് 35കാരനായ പിക്വെയും 45കാരിയായ ഷക്കീറയും വേർപിരിയുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
”ഞങ്ങൾ വേർപിരിഞ്ഞതായുള്ള വാർത്ത വിഷമത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. ഈ തീരുമാനം ഞങ്ങളുടെ കുട്ടികളുടെ ഭാവി കണക്കിലെടുത്താണ്. ഞങ്ങൾ മുന്തിയ പരിഗണന നൽകുന്നത് അവർക്കാണ്. ഞങ്ങളെ മനസിലാക്കിയതിന് നന്ദി.” ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചുകാലമായി ഷാക്കിറ പിക്വെയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറില്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാക്കിറ അവസാനമായി പിക്വെയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫുട്‌ബോൾ ലോകകപ്പിനിടേയാണ് ഇരുവരും അടുക്കുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് ഗാനമായ ‘വക്ക വക്ക’ വൻ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം 2011-ലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്.
2019 ൽ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ, രണ്ട് വർഷം മുമ്പ് തന്റെ ശബ്ദം താൽക്കാലികമായി നഷ്‌ടപ്പെട്ടത് ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷം ആയിരുന്നുവെന്നും അത് തന്നെ ആഴത്തിൽ ബാധിച്ചുവെന്നും ഷാക്കിറ പറഞ്ഞത് വൻവാർത്തയായിരുന്നു. പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയമാകാതെ സ്വാഭാവികമായിത്തന്നെ അവർ ശബ്ദം വീണ്ടെടുക്കുകയും 2018-ൽ ഒരു ലോകപര്യടനം നടത്തുകയും ചെയ്തു.
















