ഹൈദരാബാദ്: സ്കൂൾ വിദ്യാർഥിനിയെ കാറിനുള്ളിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ടിആർഎസ് പാർട്ടി നേതാവിന്റെ മകൻ അറസ്റ്റിൽ. നേതാവിന്റെ മകനുൾപ്പെടെ രണ്ട് കൗമാരക്കാരെയാണ് ശനിയാഴ്ച ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28 നാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണ്. എല്ലാവരെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നിശാ പാർട്ടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കുപോകാൻ നിന്നിരുന്ന 17 കാരിയെ പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ കാറിൽ കയറ്റിയത്. എന്നാൽ ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്ത് എത്തിയപ്പോൾ കൗമാരക്കാർ ഊഴംവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ഒരാൾ കാറിനകത്ത് കയറുമ്പോൾ മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു.
വീട്ടിലെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് പിതാവ് കാര്യം തിരക്കി. പബ്ബിലെ പാർട്ടിക്ക് ശേഷം ചില ആൺകുട്ടികൾ തന്നെ ആക്രമിച്ചതായി പെൺകുട്ടി പറഞ്ഞു. പിതാവ് പോലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
















