കോർബവാക്‌സ് ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ ഡിസിജിഐ അനുമതി. മൂന്നാമത്തെ ഡോസായി വ്യത്യസ്ത വാക്സിൻ കുത്തിവെക്കാൻ അനുമതി ലഭിക്കുന്നത് ഇത് ആദ്യമായാണ്. കൊവാക്സിനും കൊവിഷിൽഡും ആദ്യ രണ്ട് ഡോസ് ആയി സ്വീകരിച്ച ശേഷം കോർബവാക്‌സ് സ്വീകരിക്കാം. 18 വയസിന് മുകളിലുള്ളവരിൽ ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ ആണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണ്. 24 മണിക്കൂറിനിടെ 3,962 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 0.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്‍ക് ധരിക്കുന്നതിൽ ഉൾപ്പെടെവീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
















