ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഖത്തറിലെത്തും. വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. മേയ് 30 ന് ആരംഭിച്ച ഉപരാഷ്‍ട്രപതിയുടെ ത്രിരാഷ്‍ട്ര സന്ദര്‍ശനം ജൂണ്‍ ഏഴ് വരെയാണ്. രണ്ട് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തറിലെത്തുന്ന അദ്ദേഹം ജൂണ്‍ ഏഴിന് മടങ്ങും.
ഇന്ത്യയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിനു കൂടിയാണ് ഉപരാഷ്‍ട്രപതിയുടെ ഖത്തര്‍ സന്ദര്‍ശനം. ദോഹയില്‍ ഖത്തര്‍ ഭരണകൂടത്തില്‍ നിന്നുള്ള ഉന്നതതല സംഘം ഉപരാഷ്‍ട്രപതിയെ സ്വീകരിക്കും.ഖത്തറിലെ ഇന്ത്യൻ പൗര സമൂഹവും ഉപരാഷ്‍ട്രപതിക്ക് സ്വീകരണം ഒരുക്കും. ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയുമായി വെങ്കയ്യ നായിഡു കൂടിക്കാഴ്ച നടത്തും.ഖത്തറിലെ ഇന്ത്യൻ വ്യാപാര പ്രമുഖർ, ഉന്നത വ്യക്തികൾ, കമ്യൂണിറ്റി നേതാക്കൾ എന്നിവരുമായും ചർച്ച നടത്തും.ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, പാർലമെന്‍റ് അംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ്പാൽ സിങ് തോമർ, പി. രവീന്ദ്രനാഥ് എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
















