ഇടുക്കി പൂപ്പാറയില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ്സ്വദേശികൾ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി ഇവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ നേരത്തെ പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ഇതോടെയാണ് അറസ്റ്റ്. എട്ട് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്നാട്ടില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ് അറസ്റ്റിലായ മറ്റുള്ളവർ.