കാൺപൂർ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപൂർ ശർമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കടകൾ അടച്ചിടാനുള്ള ആഹ്വാനത്തെ ചൊല്ലി ഉത്തർപ്രദേശിലെ കാൺപൂരിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി. കടകൾ അടച്ചിടാനുള്ള ഒരു വിഭാഗത്തിന്റെ ആഹ്വാനത്തെ മറുവിഭാഗം എതിർത്തതോടെ കല്ലേറിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
സംഭവം രൂക്ഷമായതോടെ പൊലീസ് എത്തി കണ്ണീർ വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. നിലവിൽ പ്രദേശത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഘർഷത്തിൽ ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കാൺപൂർ പൊലീസ് കമീഷണർ വിജയ് സിങ് മീണ പറഞ്ഞു.
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ അടുത്തിടെ നടന്ന വാർത്ത സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി വക്താവ് നൂപൂർ ശർമക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ സമാധാനം തകർത്തതിന് നൂപൂർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
















