ഹൈദരാബാദിൽ കാറിനുള്ളിൽ വെച്ച് 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കോളേജ് വിദ്യാർത്ഥികൾ. പ്രായപൂർത്തിയാകാത്ത അഞ്ച് കോളേജ് വിദ്യാർത്ഥികളാണ് പ്രതികൾ. എംഎൽഎയുടെ മകനും കൂട്ടബലാത്സംഗം ചെയ്ത സംഘത്തിലുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാൽ എൽഎൽയുടെ മകനെതിരായ ആരോപണം പോലീസ് നിഷേധിച്ചു.
സുഹൃത്തിനൊപ്പമാണ് 17കാരി പബ്ബിൽ പോയത്. ഇതിനിടെ സുഹൃത്ത് മടങ്ങിയപ്പോൾ പെൺകുട്ടി പബ്ബിൽ തനിച്ചായി. പിന്നാലെ പബ്ബിൽ വെച്ച് സൗഹൃദത്തിലായ ഒരു ആൺകുട്ടിയേയും അവന്റെ സുഹൃത്തുക്കളുടേയും ഒപ്പം പെൺകുട്ടി പുറത്തിറങ്ങി. 17കാരിയെ വീട്ടിലെത്തിക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു. സംഘം പെൺകുട്ടിയെ കാറിൽ കയറി ആദ്യം പോയത് ഒരു പേസ്ട്രി ഷോപ്പിലാണ്.
പിന്നീട് ജൂബിലി ഹിൽസ് ഏരിയയിൽ എത്തിയ സംഘം കാർ പാർക്ക് ചെയ്തു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത്. വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വീട്ടുകാർ കഴുത്തിലെ മുറിപ്പാടുകളെ കുറിച്ച് ചോദിച്ചപ്പോൾ . ഒരു സംഘം ആളുകൾ ആക്രമിച്ചുവെന്ന് മാത്രമാണ് കുട്ടി പറഞ്ഞത്. കേസെടുത്ത പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ബലാത്സംഗത്തിന് ഇരയായ വിവരം പെൺകുട്ടി പറയുന്നത്. സംഘത്തിൽ ഒരാളുടെ പേര് മാത്രമെ പെൺകുട്ടിയ്ക്ക് അറിയുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ഹൈദരാബാദ് പോലീസ് അറിയിച്ചിട്ടുണ്ട്.