ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Wishing Congress President Smt. Sonia Gandhi Ji a speedy recovery from COVID-19.
— Narendra Modi (@narendramodi) June 2, 2022
കൊവിഡ് സ്ഥിരീകരിച്ചതോടെ സോണിയ സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെയാണ് ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
കോൺഗ്രസിന്റെ പാർട്ടി മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ൽ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകുന്നത്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നേതാക്കൾക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. പിന്നീട് കേസിൽ 2015ൽ പട്യാല കോടതിയിൽ നിന്ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.
















