മംഗലാപുരം: കർണാടകയിൽ ഹിജാവ് ധരിച്ചെത്തിയ ആറ് വിദ്യാർഥിനികൾക്ക് സസ്പെൻഷൻ. 12 പേരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജാണ് വിദ്യാർഥിനികൾക്കെതിരെ നടപടി സ്വീകരിച്ചത്.
ആറ് ബിരുദ വിദ്യാർഥിനികൾ ഇന്ന് ഹിജാബ് ധരിച്ച് കോളജിലെത്തുകയും ക്ലാസ് മുറിയിൽ പ്രവേശിക്കുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകർ വിദ്യാർഥിനികളെ ക്ലാസിന് പുറത്താക്കി. ഇതിനുപിന്നാലെയാണ് ഇവരെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്ത് മാനേജ്മെന്റ് ഉത്തരവിറക്കിയത്.
നിയമം ലംഘിച്ച് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാൻ വിദ്യാർഥിനികൾ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളജ് മാനേജ്മെന്റിന്റെ നടപടി. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാർഥിനികൾ വിശദീകരിച്ചു.
അതേസമയം, ഹംപനകട്ടെയിലെ മംഗളൂരു യൂനിവേഴ്സിറ്റി കോളജിലെത്തിയ 12 വിദ്യാർത്ഥികളെയാണ് തിരിച്ചയച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾ ക്ലാസിലിരിക്കാൻ അനുവദിക്കണമെന്ന് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു നടപടിയെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന് വിദ്യാർത്ഥികൾ ജില്ലാ കലക്ടറെ സമീപിച്ചു. ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സർക്കാരിന്റെ മാർഗനിർദേശങ്ങളും കോടതി ഉത്തരവും പാലിക്കാൻ കലക്ടർ നിർദേശിക്കുകയായിരുന്നു.
















