ഗായകന്‍ കെകെയുടെ കൊല്‍ക്കത്തയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ആന്റാസിഡുകള്‍ കണ്ടെത്തിയതായി കൊല്‍ക്കത്ത പോലീസ്. അസ്വാഭാവിക മരണമായാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം രേഖപ്പെടുത്തിയത്. തുടര്‍ന്ന് കെ കെയുടെ ഹോട്ടല്‍ മുറിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആന്റാസിഡുകളുടെ സ്ട്രിപ്പുകള്‍ കണ്ടെടുത്തു. ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ ഒഴിവാക്കാന്‍ സാധാരണ കഴിക്കുന്ന ഔഷധമാണ് അന്റാസിഡ്. ഇത് വയറ്റില്‍ ഉണ്ടാകുന്ന ആസിഡിനെ പ്രതിരോധിക്കും.
‘ കെ.കെ. ഒരുപക്ഷേ ആന്റാസിഡുകള്‍ കഴിച്ചിരിക്കാം, കാരണം അദ്ദേഹത്തിനുണ്ടായ വേദനയെ ദഹനപ്രശ്‌നമായി തെറ്റിദ്ധരിച്ചിരിക്കണം.’ എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. അതേസമയം, കെ കെ ആന്റാസിഡുകള്‍ കഴിക്കാറുണ്ടെന്നും ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടെ കൈയിലും തോളിലും വേദന അനുഭവപ്പെടുന്നതായി ഭാര്യയോട് കെ കെ പറഞ്ഞതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മെയ് 31 ചൊവ്വാഴ്ച രാത്രി സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ കെ കെ കൊല്‍ക്കത്തയിലെ ഒബ്റോയ് ഗ്രാന്‍ഡ് ഹോട്ടലില്‍ കുഴഞ്ഞു വീഴുകയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു.പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
















