ഒസാമ ബിൻ ലാദന്റെ ഫോട്ടോ വെച്ച് യുവാവിന്റെ ആരാധന.ഇതോടെ യുവാവിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സർക്കാർ വൈദ്യുത വിതരണ കമ്പനി ഉദ്യോഗസ്ഥനെയാണ് ഒസാമ ബിൻ ലാദന്റെ ഫോട്ടോ വെച്ച് ആരാധിച്ചതിനു കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. ഫറൂഖാബാദിലെ സബ് ഡിവിഷണൽ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതത്തെയാണ് സസ്‌പെൻഡ് ചെയ്തത്. രവീന്ദ്രയുടെ ഓഫീസിൽ നിന്നുള്ള ബിൻലാദന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറയുന്നത്. ‘ബഹുമാനപ്പെട്ട ഒസാമ ബിൻലാദൻ, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എഞ്ചിനീയർ’ എന്ന് ഫോട്ടോയ്ക്ക് താഴെ രവീന്ദ്ര എഴുതിയിരുന്നു.
ചിത്രം വൈറലായതോടെ ഉദ്യോഗസ്ഥന്റെ ജോലി പോയി. തുടർന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ബിൻലാദന്റെ ചിത്രം ഓഫീസിൽ നിന്നും എടുത്ത് മാറ്റിയിട്ടുണ്ട്. ജോലിയിൽ നിന്നും പിരിച്ചു വിട്ടിട്ടും ബിൻലാദനേയും തന്റെ നടപടിയേയും ന്യായീകരിച്ചാണ് രവീന്ദ്ര സംസാരിച്ചത്.
സമൂഹത്തിൽ ആർക്കും ആരെയും ആരാധിക്കാനാകും. ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എഞ്ചിനീയറായിരുന്നു ഒസാമ ബിൻ ലാദൻ. ചിത്രം നീക്കം ചെയ്‌തെങ്കിലും, അതിന്റെ നിരവധി കോപ്പികൾ തന്റെ പക്കലുണ്ടെന്ന് ഗൗതം പറഞ്ഞു. ബിൻലാദന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമുണ്ടെന്ന് പരാമർശിക്കുന്ന പുസ്തകം വായിച്ച ശേഷമാണ് ഗൗതം ഫോട്ടോ വെച്ചതെന്നാണ് പ്രാഥമിക വിവരം.
















