പാറ്റ്ന: ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടപടിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. സർവകക്ഷി യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിതീഷ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ് വാർത്താസമ്മേളനം നടത്തിയത്.
നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഉടന്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. ബിജെപിയുടെ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 1931ന് ശേഷം രാജ്യത്ത് ഇതു വരെ ജാതിതിരിച്ചുള്ള സെൻസസ് നടന്നിട്ടില്ല.
“ജാതി സെൻസസുമായി മുന്നോട്ട് പോകാൻ 9 രാഷ്ട്രീയ പാർട്ടികളും ഏകകണ്ഠമായി തീരുമാനിച്ചു. താമസിയാതെ മന്ത്രിസഭ അംഗീകാരം നല്‍കും. ജാതി സെന്‍സസ് നടത്താനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്യും. ജാതി സെന്‍സസിന്‍റെ ഘട്ടങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രക്രിയ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിക്കുകയും ചെയ്യും.
രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന അഭ്യർത്ഥനയുമായി ബി.ജെ.പി ഉൾപ്പെടെ ബിഹാറിലെ പാർട്ടികള്‍ കഴിഞ്ഞ വർഷം പ്രധാനമന്ത്രിയെ കണ്ടിരുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു- ‘ഇപ്പോൾ ദേശീയ തലത്തില്‍ ജാതി സെൻസസ് നടത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന തലത്തില്‍ സെൻസസ് നടത്താൻ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൂർണമായ ഏകാഭിപ്രായമുണ്ട്”.- നിതീഷ് പറഞ്ഞു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സർവകക്ഷിയോഗം വൈകിയതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഡോ.സഞ്ജയ് ജയ്‌സ്വാളും ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദും യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രാജ്യസഭാ എംപി മനോജ് കുമാർ ഝായുമാണ് ആർ.ജെ.ഡിയെ പ്രതിനിധീകരിച്ചത്. എ.ഐ.എം.ഐ.എം നേതാവ് അക്തറുൽ ഇമാനും യോഗത്തിനെത്തി.
















