ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇഡി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷൻ്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടും.
ആകെ 33 അക്കൗണ്ടുകൾ ആണ് മരവിപ്പിച്ചത്. പി.എഫ്.ഐ യുടെ കേരളത്തിലെ സംസ്ഥാന നേതാവ് എം.കെ അഷ്റഫ് അടക്കം പ്രതിയായ കേസിലാണ് നടപടി.
പൊലീസും എന്‍.ഐ.എയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതെന്ന് ഇ.ഡി അറിയിച്ചു. 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ല്‍ 9 സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ ഇ.ഡി ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിലരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.
















