കോൽക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. താൻ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്നും ഒരുപാട് പേരെ സഹായിക്കാനാകുന്ന പുതിയ ദൗത്യത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗാംഗുലി പുറത്തുവിട്ട ട്വീറ്റിൽ പറയുന്നു.
30 വര്‍ഷമായി ക്രിക്കറ്റ് രംഗത്തുള്ള താന്‍ പുതിയൊരു സംരഭം തുടങ്ങാനൊരുങ്ങുകയാണെന്നും ക്രിക്കറ്റില്‍ തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരും പുതിയ സംരംഭത്തിലൂം കൂടെയുണ്ടാകണമെന്നുമാണ് ഗാംഗുലി ട്വീറ്റ് ചെയ്തത്.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഗാംഗുലി രാജിവെച്ചേക്കുമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച് ബിസിസിഐയില്‍ നിന്ന് ഔദ്യോഗിക സഥിരീകരണങ്ങളൊന്നുമില്ല.
ഗാംഗുലിയുടെ ട്വീറ്റ്
1992ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്പോള്‍ 30-ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നത്. എന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
— Sourav Ganguly (@SGanguly99) June 1, 2022
















