ആനന്ദ് ശര്‍മ കോണ്‍ഗ്രസ് വിടുകയാണെന്ന് സൂചന. കപില്‍ സിബലിന് പിന്നാലെ ആനന്ദ് ശര്‍മയും കോൺഗ്രസ് വിടുന്നത് തിരിച്ചടിയായിരിക്കുകയാണ്. ആനന്ദ് ശർമ്മ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപോർട്ടുകൾ.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമുണ്ടായ ശേഷം ട്രഷറി ബഞ്ചുകളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനെ ഏറ്റവുമധികം സഹായിച്ച വ്യക്തികളിലൊന്നാണ് ആനന്ദ് ശര്‍മ. മറ്റ് ചില ജി-23 നേതാക്കളുമായും മുതിര്‍ന്ന ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിവരികയാണെന്നും സൂചനയുണ്ട്.
രാജ്യസഭ സീറ്റ് നെഹ്‌റു കുടുംബം വിശ്വസ്തര്‍ക്ക് വീതംവച്ചെന്ന ആരോപണമുയര്‍ത്തി നേതാക്കള്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെ വിട്ടുപോകുന്നത്.
കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ രണ്ടിന് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. താന്‍ ബിജെപിയില്‍ ചേരില്ലെന്ന് കഴിഞ്ഞ ദിവസം ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു. ഇതിനു വിപരീതമാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
















