ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ അധ്യാപികയെ വെടിവച്ചു കൊന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗോപാല്‍പോറ മേഖലയിലാണ് ആക്രമണം നടന്നത്. കുടിയേറ്റ കശ്മീരി യുവതിയാണ് ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. സ്‌കൂള്‍ അധ്യാപിക ജമ്മു ഡിവിഷനിലെ സാംബയില്‍ താമസക്കാരിയാണെന്നും പോലീസ് പറഞ്ഞു. ആക്രമണം നടന്ന പ്രദേശത്തേക്ക് സുരക്ഷാ സേനയെത്തി
ജമ്മുതാഴ്വരയിലെ സിവിലിയന്‍ ആളുകള്‍ക്കു നേരേയുണ്ടാകുന്ന കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് ഇത് . മെയ് 12ന് ബുദ്ഗാം ജില്ലയില്‍ റവന്യൂ വകുപ്പ് ജീവനക്കാരന്‍ രാഹുല്‍ ഭട്ടിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ബുദ്ഗാമിലെ ചദൂര മേഖലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ടിവി ആര്‍ട്ടിസ്റ്റ് അമ്രീന്‍ ഭട്ടും കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആക്രമണത്തെ അപലപിക്കുകയും സമീപകാലത്ത് നടന്ന നിരവധി സിവിലിയന്‍ കൊലപാതകങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
















