ഭര്‍ത്താവിന്റെ കാമുകിയെ ബലാല്‍സംഗം ചെയ്ത് അത് വീഡിയോയില്‍ പകര്‍ത്താന്‍ ഭാര്യയുടെ ക്വട്ടേഷന്‍. ഹൈദരാബാദ് സ്വദേശിനിയായ യുവതി പോലീസ് പിടിയിലായി.ഗുണ്ടകളെ നിയോഗിച്ച് ഭര്‍ത്താവിന്റെ കാമുകിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്.
മെയ് 26 വ്യാഴാഴ്ച പടിഞ്ഞാറന്‍ ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗര്‍ കോളനിയിലാണ് ഈ ക്വട്ടേഷന്‍ നടന്നത്. ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയോട് പ്രതികാരം ചെയ്യാന്‍ മുഖ്യപ്രതി ഗായത്രി പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു.
ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തും ഇരയായ യുവതിയും സുഹൃത്തുക്കളായിരുന്നുവെന്ന് ഗായത്രി പറയുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്ന് യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇര ദമ്പതികളുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, കൂടാതെ 2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ അവിടെ ഒപ്പം താമസിക്കുകയും ചെയ്തിരുന്നതായി സൈബരാബാദ് പോലീസ് പറയുന്നു. ശ്രീകാന്തും പീഡനത്തിനിരയായ യുവതിയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചുതുടങ്ങിയതോടെ ശ്രീകാന്തിന്റെ ഭാര്യയുമായി വാക്കേറ്റമുണ്ടായതോടെ ഇര വീട്ടില്‍ നിന്ന് മാറിത്താമസിച്ചു.
എന്നാല്‍ മെയ് 26 ന് ഗായത്രി തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് ഇര പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. അവിടെ എത്തിയപ്പോള്‍ അഞ്ച് പുരുഷന്മാര് ഉണ്ടായിരുന്നു. വാടക ഗുണ്ടകളായിരുന്നു അവരെന്നും ഇവര്‍ ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് പരാതി. ഇക്കാര്യം പോലീസിനെ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ മുഖ്യപ്രതി ഗായത്രി ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.