പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ ശരീരത്തിലൂടെ അത്യാധുനിക തോക്കുകളില്‍ നിന്ന് തൊടുത്ത 24 വെടിയുണ്ടകള്‍ കടന്നുപോയതായും ഒരെണ്ണം തലയുടെ അസ്ഥിയില്‍ കുടുങ്ങിയതായും ആശുപത്രി വൃത്തങ്ങള്‍. അക്രമികള്‍ 30 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി, അഞ്ച് ഡോക്ടര്‍മാരുടെ പാനലിന്റെ നേതൃത്വത്തിൽ മൂസേവാലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. എന്നാല്‍, റിപ്പോര്‍ട്ട് ഇതുവരെ പോലീസ് പുറത്തു വിട്ടിട്ടില്ല.
പോസ്റ്റ്മോര്‍ട്ടത്തില്‍ മൂസേവാലയുടെ ശരീരത്തില്‍ രണ്ട് ഡസന്‍ വെടിയേറ്റ മുറിവുകള്‍ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളും മരണ കാരണമായി.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആന്തരാവയവങ്ങളുടെ സാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി അയക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം ഫലം ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറിയിട്ടില്ല.
മരണപ്പെട്ട സിദ്ധു മൂസേവാലയുടെ കുടുംബം പോസ്റ്റ്മോര്‍ട്ടം നടത്തില്ലെന്ന നിലപാടിലായിരുന്നു. അപകടഭീഷണിയുണ്ടായിരിക്കുമ്പോള്‍ എന്തിനാണ് സുരക്ഷ ഉദ്യോഗസ്ഥരെ നീക്കം ചെയ്തതിന്റെ പട്ടിക സര്‍ക്കാര്‍ പരസ്യമാക്കിയതെന്ന ചോദ്യമാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പക്ഷപാതരഹിതമായ അന്വേഷണം നടക്കുമെന്ന ഉറപ്പിലാണ് സിദ്ധു മൂസേവാലയുടെ പോസ്റ്റ്മോര്‍ട്ടത്തിന് വീട്ടുകാര്‍ സമ്മതിച്ചത്.
















