ന്യൂഡല്‍ഹി: ഡല്‍ഹിയിൽ പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മണിക്കൂറിൽ എഴുപത് കി.മീ വേഗത്തിൽ വീശിയ കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ വീണു. നിർത്തിയിട്ട കാറുകൾക്കും, വീടുകൾക്കും മരം വീണ് കേടുപറ്റി.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള എട്ട് വിമാനങ്ങൾ ജയ്പൂർ, അഹമ്മദാബാദ്, ലക്നൌ, ചാണ്ഡീഗഡ്, ഡെറാഡൂൺ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.
കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും തലസ്ഥാന നഗരത്തിലെ താപനില കുത്തനെ ഇടിഞ്ഞു. എയർപോർട്ടിന് സമീപമുള്ള പാലം ഒബ്സർവേറ്ററിയിലെ റീഡിംഗ് 13 ഡിഗ്രി സെൽഷ്യസും തെക്കൻ ഡൽഹിയിലെ സഫ്ദർജംഗിൽ 16 ഡിഗ്രി സെൽഷ്യസും കുറഞ്ഞു. വൈകിട്ട് 4.20 നും 5.40 നും ഇടയിൽ, സഫ്ദർജംഗിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് 25 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു,” ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം,ഡൽഹിയിൽ വായു നിലവാരം കുറയുന്നു. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് പ്രകാരം വായുമോശം നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ 273 ആയിരുന്നു വായുനിലവാര സൂചിക. ഒരിടവേളക്ക് ശേഷം ഡൽഹിയിലെ വായുനിലവാരം വളരെ മോശം നിലയിലേക്ക് മാറുകയാണ്. വായുനിലവാര സൂചിക പൂജ്യത്തിനും 50 നും ഇടയിലുള്ളതാണ് ഭേദപ്പെട്ട നിലവാരം. എന്നാൽ 50ന് അടുത്തേക്ക് നിലവാരം എത്തിയിട്ട് മാസങ്ങളായി.
ജൈവാവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിൽ വായു മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നതെന്ന് ഡൽഹി ഐ.ഐ.ടിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനീകരണവും വായു മോശമാകാൻ ഇടയാകുന്നു. വായു നിലവാരം കുറയുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഡൽഹിയിൽ താപതരംഗം അടുത്ത ഏഴ് ദിവസത്തേക്ക് കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചെങ്കിലും ഉയർന്ന താപനില 40ന് മുകളിൽ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിലെ വായു മലിനീകരണത്തിനെത്തിനു നടപടി സ്വീകരിക്കാത്തതിൽ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി നിരവധി തവണ വിമർശിച്ചിട്ടുണ്ട്.
















