ചെന്നൈ: രാജ്യസഭ തെരഞ്ഞെടുപ്പിന് കോൺഗ്രസിന്‍റെ തമിഴ്നാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥിയായി മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ചെന്നൈയിൽ നിയമസഭാ സെക്രട്ടറി ഡോ. കെ. ശ്രീനിവാസൻ മുൻപാകെയാണ് ചിദംബരം പത്രിക നൽകിയത്. സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും അതിൽ തനിക്ക് പങ്കില്ലെന്നും പി.ചിദംബരം പറഞ്ഞു.
പിസിസി അധ്യക്ഷൻ കെ.എസ്. അഴഗിരി, കോൺഗ്രസ് വക്താവ് ഗോപണ്ണ, സിനിമാ താരം നഗ്മ തുടങ്ങിയ പേരുകളും സജീവമായി ഉയർന്നിരുന്നുവെങ്കിലും ഡിഎംകെയ്ക്ക് താൽപ്പര്യം ചിദംബരത്തോടായിരുന്നു.
അതേസമയം, സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ പോയ നേതാക്കള്‍ പരസ്യപ്രതികരണവുമായി നേതൃത്വത്തിനെതിരെ തിരിഞ്ഞു. പൊതു സ്ഥാനാര്‍ത്ഥിയെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം തള്ളി ജാര്‍ഖണ്ഡില്‍ ജെഎംഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഹരിയാനയില്‍ നിന്നുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല., മഹാരാഷ്ട്രക്കാരനായ മുകുള്‍ വാസ്നിക്ക്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമോദ് തിവാരി എന്നിവര്‍ക്ക് രാജസ്ഥാനില്‍ സീറ്റ് നല്‍കയതില്‍ സംസ്ഥാനത്തെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവനേതാവ് ഇമ്രാന്‍ പ്രതാപ് ഗഡിക്ക് മഹാരാഷ്ട്രയില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച നടിയും മഹിളാകോണ്‍ഗ്രസ് നേതാവുമായ നഗ്മ, 18 കൊല്ലം മുന്‍പ് സോണിയ ഗാന്ധി സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് ട്വിറ്ററിലെഴുതി.
















