സിനിമ ഷൂട്ടിങ്ങിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയായിരുന്നു ആസിഫിന് പരിക്കേറ്റത്. കാലിലെ പരിക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതോടെ ഷൂട്ടിംഗ് നിർത്തിവെച്ചു.
സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ആസിഫ് അലിക്ക് പരിക്കേറ്റത്. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് നടക്കുകയാണ്.
റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണിത് . സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്ന് ആണ് ചിത്രത്തിന്റെ നിർമാണം.
















