നേപ്പാളില്‍ തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തിയ വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ മഹാരാഷ്ട്ര സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു കുടുംബത്തിലെ നാല് പേര്‍ വിമാനത്തിലുണ്ടായിരുന്നുതായി നേപ്പാള്‍ പോലീസിന്റെ സ്ഥിരീകരണം.ഞായറാഴ്ചയാണ് നേപ്പാളിലെ പൊഖറയില്‍ നിന്നും ജോംസോമിയിലേക്ക് യാത്ര തിരിച്ച യാത്രാവിമാനം പറന്നുയര്‍ന്ന ഉടന്‍ റഡാറില്‍ നിന്ന് കാണാതാകുന്നത്. പിന്നാലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്രയിലെ താനെ റുസ്തോംജി അതീന ബില്‍ഡിംഗില്‍ താമസിക്കുന്ന ത്രിപാഠി കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ നേപ്പാളിലേക്ക് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു. അശോക് ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കര്‍ ത്രിപാഠി , മകന്‍ ധന്യസ്യ ത്രിപാഠി , മകള്‍ റിതിക ത്രിപാഠി എന്നിവരെയാണ് വിമാനാപകടത്തില്‍ കാണാതായത് . നേപ്പാളിലെ പൊഖാറയില്‍ നിന്നാണ് ഇവര്‍ വിമാനം കയറിയത്.
വിമാനത്തിലുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് രാവിലെ നേപ്പാള്‍ സൈന്യം പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് തിരച്ചില്‍ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന 19 യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനാപകടം ഉണ്ടായതെന്നാണ് വിവരം. രാവിലെ 9.55നാണ് ടാര എയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ 9 NAET ടേക്ക് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. 3 ക്യാബിന്‍ ക്രൂ ഉള്‍പ്പടെ 22 പേരാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ നാല് ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് വിദേശികളും വിമാനത്തിലുണ്ട്.
















