കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ താര എയർ വിമാനം തകർന്ന് വീണതായി സൈന്യം. നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്ന താര എയറിന്‍റെ 9NAET വിമാനമാണ് തകര്‍ന്ന് വീണത്.
നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. 15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനത്തിൽ ജീവനക്കാരടക്കം 22 പേരുണ്ടായിരുന്നു. യാത്രക്കാരിൽ നാല് പേർ ഇന്ത്യക്കാരും, രണ്ട് പേർ ജർമ്മൻ സ്വദേശികളും, 16 പേർ നേപ്പാളികളുമായിരുന്നു.
മുംബൈയിൽ നിന്നുള്ള അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സൈനിക ഹെലികോപ്റ്ററും, രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളും ചേർന്ന് ഏഴ് മണിക്കൂർ തെരച്ചിൽ നടത്തിയ ശേഷമാണ് വിമാനം കണ്ടെത്തിയത്.
മുസ്താങ്ങിലെ കൊവാങ്ങ് മേഖലയിൽ ലെംചെ നദീമുഖത്ത് വിമാനം തകർന്നു വീണതായി പ്രദേശവാസികൾ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ സൈന്യം അങ്ങോട്ട് നീങ്ങിയിരിക്കുകയാണ്.
















