മുംബൈ: തെലങ്കാനയ്ക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പുനെയിലാണ് ഏഴ് പേർ രോഗബാധിതരായത്. ജനിതക പരിശോധനയിലാണ് ഒമിക്രോണിന്റെ B.A.4 , B.A.5 വകഭേദങ്ങൾ സ്ഥിരീകരിച്ചത്.
രോഗബാധിതരിൽ മൂന്നു പേർ സ്ത്രീകളാണ്. നാല് രോഗികൾ 50 വയസിന് മുകളിലുള്ളവരാണ്, രണ്ട് പേർ 20-40 വയസുള്ളവരാണ്, ഒരു രോഗി ഒമ്പത് വയസുള്ള കുട്ടിയാണ്. പ്രായപൂർത്തിയായ ആറ് പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കവരാണ്. ഒരാൾ ബൂസ്റ്റർ ഷോട്ട് എടുത്തിട്ടുണ്ട്. കുട്ടിക്ക് വാക്സിൻ എടുത്തിട്ടില്ല.
രോഗം കണ്ടെത്തിയ രണ്ടുപേർക്ക് വിദേശ യാത്രാ പശ്ചാത്തലമുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരിൽ രണ്ടുപേർ ദക്ഷിണാഫ്രിക്കയിലേക്കും ബെൽജിയത്തിലേക്കും മൂന്നുപേർ കേരളത്തിലേക്കും കർണാടകയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് രോഗികൾക്ക് സമീപകാല യാത്രാ ചരിത്രമില്ല. എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീട്ടിൽ ചികിത്സയിലായിരുന്നു- സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി. ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ അപകടകാരിയല്ലെങ്കിലും കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള ശേഷി ഉള്ളവയാണ്.
















