തിരുവനന്തപുരം: വിദ്വേഷപ്രസംഗക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യംനേടി ജയിൽമോചിതനായ പി.സി. ജോർജിന് വീണ്ടും പൊലീസിൻറെ നോട്ടീസ്. ഞായറാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന് കാണിച്ചാണ് ഫോർട്ട് അസി. കമീഷണർ നോട്ടീസ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ നാളെ പ്രചാരണത്തിനെത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് അവിടെവെച്ച് മറുപടി നൽകുമെന്നും ജോർജ് പറഞ്ഞിരുന്നു. എന്നാൽ, നാളെ പൊലീസിന് മുന്നിൽ ഹാജരാകേണ്ടിവരുന്നതിനാൽ കൊട്ടിക്കലാശം നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണത്തിനെത്താൻ പി.സി. ജോർജിന് സാധിച്ചേക്കില്ല.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോർട്ട് അസിസ്റ്റന്റ് കമീഷണർ എസ്. ഷാജി പി.സി ജോർജിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി. ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു
















