ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍. തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബഹ്റൈന്‍ ഇറാന്റെ ക്ഷണം നിരസിച്ചത്. ഹോര്‍മുസില്‍ താത്കാലിക ഇടനാഴി തുറക്കുന്നതും സുരക്ഷിതമായ പാതയൊരുക്കുന്നതുമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടികാഴ്ചയ്ക്ക് വിളിച്ചത്. തിങ്കളാഴ്ച ഒമാനിലെ സലാലയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ക്ക് ഒപ്പം ഇറാഖ് സംഘത്തിനും ക്ഷണമുണ്ട്. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് ബഹ്‌റൈന്‍ അറിയിച്ചിരിക്കുന്നത്. ഇറാന്‍ തങ്ങളെ കാര്യമായി ആക്രമിച്ചു. ഇപ്പോഴും പല മേഖലകളിലും ആക്രമണം തുടരുകയാണ്. ഇതിനെ നിസാരമായി കാണാന്‍ ആകില്ല. നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച എന്നാണ് ബഹ്‌റൈന്റെ നിലപാട്.
അതേസമയം, യെമനിലെ ചെങ്കടല്‍ തീരപ്രദേശം മുഴുവന്‍ പിടിച്ചെടുത്തതായി ഹൂതികള്‍ അവകാശപ്പെട്ടതിനു പിന്നാലെ തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദബ് കടലിടുക്കിലും ഹൂതികള്‍ നിയന്ത്രണം വ്യാപിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹൂതികള്‍ പിടിച്ചെടുത്ത മോഖ നഗരത്തിലേക്ക് ഔദ്യോഗിക യെമനി സര്‍ക്കാര്‍ സേനയുടെ ബോംബാക്രമണം തുടരുകയാണ്.സി അതിനിടെ, സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈന്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അടച്ചതായി സൗദി അറേബ്യ ഊര്‍ജമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് പൈപ്പ് ലൈനിനോട് ചേര്‍ന്ന പമ്പിങ് സ്റ്റേഷനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.
മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് പൈപ്പ്ലൈന്‍ അടച്ചത്. ഇറാഖില്‍ നിന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് പമ്പിങ് സ്റ്റേഷനുകള്‍ക്ക് തകരാര്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ക്ക് തങ്ങളുടെ പ്രദേശമോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇറാഖ് പറഞ്ഞു. അതിനിടെ, ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിലേക്ക് ജൂലൈയില്‍ നടത്തിയ ആക്രമണത്തിന് ചൈനീസ് ഉപഗ്രഹ ദൃശ്യം ഇറാന്‍ ഉപയോഗിച്ചുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights : Bahrain says it will not participate in the talks convened by Iran regarding the Hormuz issue

















