ലോകത്തിലെ ആദ്യ നാനോ യൂറിയ പ്ലാന്റ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നിർവഹിക്കും. ഗുജറാത്തിലെ കലോളിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 175 കോടി രൂപ ചെലവിലാണ് നാനോ യൂറിയ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായത്.നാനോ പ്ലാന്റിന് പുറമെ ഗുജറാത്തിൽ വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ പത്ത് മണിക്ക് ഗുജറാത്തിലെത്തിയ അദ്ദേഹം രാജ്‌കോട്ടിലെ പുതുതായി നിർമ്മിച്ച മാതുശ്രീ കെ.ഡി.പി. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ചിരുന്നു.
വൈകിട്ട് 4 മണിക്ക് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ‘സഹകർ സേ സമൃദ്ധി’ എന്ന വിഷയത്തിൽ വിവിധ സഹകരണ സ്ഥാപനങ്ങളുടെ നേതാക്കളുടെ സെമിനാറിൽ പ്രധാനമന്ത്രി സംസാരിക്കും. അതിന് ശേഷമാകും നാനോ യൂറിയ പ്ലാന്റിന്റെ ഉദ്ഘാടനം.
കർഷകരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ പ്രധാനം ചെയ്യുന്നതിനായുമായാണ് നാനോ യൂറിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.
നാനോ യൂറിയയുടെ ഉപയോഗത്തിലൂടെ വിളവ് വർദ്ധിക്കുന്നത് കണക്കിലെടുത്താണ് അത്യാധുനിക നാനോ വളം പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പ്രതിദിനം 500 മില്ലി 1.5 ലക്ഷം കുപ്പി ദ്രവീകൃത യൂറിയ ഉത്പാദിപ്പിക്കും. ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ആണ് നാനോ യൂറിയ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരു ബാഗ് നിറയെ ലഭിക്കുന്ന യൂറിയ തരികൾക്ക് സമമാണ് നാനോ യൂറിയയുടെ ഒരു ബോട്ടിൽ എന്നാണ് കമ്പനിയുടെ അവകാശം.
മെച്ചപ്പെട്ട ഗുണം, തുച്ഛമായ വില എന്നത് വാഗ്ദാനം ചെയ്താണ് ഇഫ്‌കോ നാനോ യൂറിയ അവതരിപ്പിച്ചിരിക്കുന്നത്. സംഭരിക്കാനും കൊണ്ടു പോകാനും എളുപ്പമാണ് എന്നത് തന്നെയാണ് നാനോ യൂറിയയുടെ പ്രത്യേകത
















