ലഹരി കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത എൻസിബി സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡെയ്‌ക്കെതിരെ നടപടിക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ലഹരി കേസിൽ അശ്രദ്ധമായ അന്വേഷണം മുൻനിർത്തിയാണ് കേന്ദ്രസർക്കാറിന്റെ നടപടിക്കുള്ള ഉത്തരവ്. കേസിൽ ആര്യൻ ഖാന് എൻസിബി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം.
ഇന്ത്യൻ റവന്യൂ സർവ്വീസ് ഓഫീസറാണ് വാങ്കഡെ.വ്യാജ ജാതി സർട്ടിഫിക്കറ്റ് കേസിൽ നേരത്തെ വാങ്കഡെയ്‌ക്കെതിരെ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. എൻസിബി വെള്ളിയാഴ്ച സമർപ്പിച്ച 6000 പേജുള്ള കുറ്റപത്രത്തിൽ നിന്ന് ആര്യൻ ഉൾപ്പെടെയുള്ള ആറ് പേരെ ഒഴിവാക്കിയിരുന്നു. എന്നാൽ കേസിൽ ഷാറൂഖ് ഖാനിൽ നിന്നും സമീർ വാങ്കഡെ കോടികൾ വാങ്ങി കേസ് ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശക്തമായതോടെ കേസിലെ അന്വേഷണ ചുമതലയിൽ നിന്നും വാങ്കഡേയെ മാറ്റി.
ആര്യനും സുഹൃത്തുക്കൾക്കും എതിരെ കൃത്യമായി തെളിവില്ലാത്തതിനാൽ ക്ലീൻ ചിറ്റ് നൽകുന്നുവെന്നാണ് നൽകിയിരിക്കുന്ന കുറ്റപത്രം. കഴിഞ്ഞ വർഷമാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത്.
















