മുംബൈ: ലഹരിമരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചതിനു പിന്നാലെ, ആര്യനെ അറസ്റ്റ് ചെയ്ത നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെയ്‌ക്കെതിരെ നടപടിക്കു ശുപാർശ. ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന സമീർ വാങ്കഡെയ്‌ക്കെതിരെ, ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്നു കേസിലെ അശ്രദ്ധമായ അന്വേഷണം കൂടി മുൻനിർത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിക്കു ശുപാർശ ചെയ്തിരിക്കുന്നത്.
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമർപ്പിച്ച 6,000 പേജുള്ള കുറ്റപത്രത്തിൽനിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ ആറുപേരെ എൻസിബി ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്യനെ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെയ്ക്കെതിരെ അശ്രദ്ധമായ അന്വേഷണത്തിന്റെ പേരിൽ നടപടിക്കു ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചെന്ന ആരോപണവും അന്വേഷിക്കുമെന്നാണ് സൂചന.
ആര്യന്റെ അറസ്റ്റിനു പിന്നാലെ വിവാദങ്ങൾ ഉടലെടുത്തതോടെ, സമീർ വാങ്കഡെയെ ആര്യൻ ഖാൻ കേസ് ഉൾപ്പെടെ 6 ലഹരിക്കേസുകളുടെ അന്വേഷണച്ചുമതലയിൽ നിന്നു നീക്കിയിരുന്നു.
















