തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ പ്രതിയായ മണിച്ചൻ അടക്കമുള്ളവർക്ക് ശിക്ഷായിളവ് നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ ഗവർണർ തിരികെ അയച്ചു. ഫയലിൽ സർക്കാറിനോട് ഗവർണർ വിശദീകരണം തേടി. എ ജി യുടെ നിയമോപദേശവും സുപ്രീം കോടതി വിധിയും ഉദ്ധരിച്ച് സർക്കാർ മറുപടി നൽകും. പേരറിവാളൻ കേസിലെ വിധിയും സർക്കാർ ചൂണ്ടിക്കാണിക്കും.
മണിച്ചന്‍റെ മോചനത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കാനാണ് സംസ്ഥാനത്തിന് സുപ്രീം കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്തിയില്ല. ഫയൽ അഭിഭാഷകന് കോടതി തിരിച്ചു നൽകി.
മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്‍റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
















