വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ശ്രമം. കെഎസ്ഇബി ഡയറക്ടർമാർ ഉത്തർപ്രദേശ് ഗുജറാത്ത്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നേരിട്ട് പോയി ചർച്ച നടത്തും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ 13 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയ്ക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിരുന്നു.
നിയന്ത്രണങ്ങളോടെയാണ് വൈദ്യുതു വാങ്ങാൻ അനുമതി നൽകിയിരുന്നത്. കെഎസ്ഇബിയുടെ കരാറുകൾ മുഴുവൻ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. ഇതിനിടെയാണ് സർക്കാർ സഹായവും കെഎസ്ഇബി തേടിയിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ പവർ എക്സ്ചേഞ്ചിൽ നിന്ന് അധികം വൈകാതെ വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗത്തിൽ കുറവ് വരുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.
പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം 5400 മെഗാ വാട്ട് കടന്നതോടെ നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ എത്തി. ഈ മാസം 30 വരെ വൈകിട്ട് 6 .15 മുതൽ രാത്രി 12 മുക്കാൽ വരെ നിയന്ത്രണം ഉണ്ടാകും. മുൻകൂട്ടി വൈദ്യുതി നിയന്ത്രണത്തിന്റെ സമയം അറിയിക്കുന്നുണ്ടെങ്കിലും പലതവണ കറന്റ് പോകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.കൈമാറ്റ കരാർ പ്രകാരമുള്ള 200 മെഗാ വാട്ട് മധ്യപ്രദേശിൽ നിന്ന് ലഭിക്കാത്തതും തിരിച്ചടി ഇരട്ടിയാക്കി. ഗ്രിഡ് ഫ്രീക്വൻസിയിലും കുറവ് നേരിടുന്നു.
Story Highlights : Power crisis: KSEB seeks government assistance

















