തിരുവനന്തപുരം: ജോ ജോസഫിന്‍റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്താൽ മൂടിവെക്കരുത്. കുറ്റവാളികളെ രക്ഷിക്കുകയും ചെയ്യരുത്. യു.ഡി.എഫ് കശ്മലന്മാർ ഇനിയും ഇത്തരം മാർഗങ്ങൾ സ്വീകരിച്ചേക്കും. വാദി പ്രതിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും പിണറായി വിജയൻ പറഞ്ഞു .
ജോ ജോസഫിന്‍റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം യുഡിഎഫ് നടത്തി. തള്ളിപ്പറയാന്‍ യുഡിഎഫ് നേതാക്കളാരും വന്നില്ല. വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫ് രീതിയല്ല. യു.ഡി.എഫ് ഇത്ര ഹീനമായി അധഃപതിക്കാൻ പാടുണ്ടോ?, മാന്യമായി ജീവിക്കുന്ന ജോ.ജോസഫിന്‍റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇനിയും ഇത്തരം മാര്‍ഗങ്ങള്‍ യു.ഡി.എഫ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വ്യാജവീഡിയോ പ്രചരിക്കുന്നതില്‍ പാര്‍ട്ടിക്കോ മുന്നണിക്കോ യാതോരു ബന്ധവുമില്ലെന്ന് യുഡിഎഫ് ആവര്‍ത്തിച്ചു. ചവറയില്‍ നിന്ന് പിടികൂടിയ ആള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
















