തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി ജോർജ് ജയിലിൽനിന്ന് പുറത്തിറങ്ങി. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.45 ഓടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൂജപ്പുര സെൻട്രൽ ജയലിൽനിന്ന് പി.സി ജോർജ് പുറത്തിറങ്ങി. ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചു.
പിണറായി വിജയന്‍റെ കളിയുടെ ഭാഗമാണ് തന്‍റെ അറസ്റ്റ്. പിണറായിക്കുള്ള മറുപടി നാളെ തൃക്കാക്കരയിൽ നൽകുമെന്നും തൃക്കാക്കരയിൽ താൻ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്നും പി.സി ജോർജ് പറഞ്ഞു.
ജോർജിനെ തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 33 വർഷം നിയമസഭാ സാമാജികനായിരുന്നു എന്നതും 72 വയസുണ്ട് എന്ന ഹർജിക്കാരന്റെ അപേക്ഷയും കോടതി കണക്കിലെടുത്തു. ഇതു സംബന്ധിച്ചു പരസ്യ പ്രസ്താവനകൾ നടത്തരുത്, വിദ്വേഷ പ്രസംഗം ആവർത്തിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനകൾക്കു വിധേയനാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളാണ് കോടതി വച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിട്ടുണ്ട്.
ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവര്‍ത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കോടതിയില്‍ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
















